ന്യൂഡൽഹി: വിരമിക്കൽ പ്രായം അഞ്ച് വർഷത്തിൽ കൂടുതലുള്ള ന്യൂനപക്ഷ ഇതര സ്കൂളുകളിലെ അധ്യാപകർക്ക് സർവീസിൽ തുടരുന്നതിനോ അഞ്ച് വർഷത്തിൽ താഴെ സർവീസുള്ളവർക്ക് പ്രമോഷൻ നേടുന്നതിനോ ടെറ്റ് (ടിഇടി) പരീക്ഷ നിർബന്ധമാക്കിയ 2025 സെപ്റ്റബർ ഒന്നിലെ വിധിക്കെതിരേ നൽകിയ പുനഃപരിശോധനാ ഹർജി സുപ്രീംകോടതി തള്ളി.
എന്നാൽ ടെറ്റ് പാസാകാനുള്ള സമയപരിധി രണ്ടിൽനിന്ന് മൂന്ന് വർഷമായി ഉയർത്തി. അതനുസരിച്ച് സർവീസിൽ തുടരാൻ 2028 ഓഗസ്റ്റ് 31ന് മുന്പ് ടെറ്റ് പാസാകണം. കേരളം ഉൾപ്പെടെ 65ഓളം കക്ഷികൾ സമർപ്പിച്ച പുനഃപരിശോധന ഹർജികളാണ് ജസ്റ്റീസുമാരായ ദീപാങ്കർ ദത്ത, മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ച് തുറന്ന കോടതിൽ വാദം കേട്ടശേഷം തള്ളിയത്.
ടെറ്റ് നിർബന്ധമാക്കിയുള്ള നിയമം പ്രാബല്യത്തിൽ വരുന്നതിനുമുന്പ് ന്യൂനപക്ഷ ഇതര സ്കൂളുകളിൽ ജോലിയിൽ പ്രവേശിക്കുകയും വിരമിക്കാൻ അഞ്ച് വർഷത്തിൽ കൂടുതൽ സർവീസുമുള്ള അധ്യാപകർ രണ്ട് വർഷത്തിനുള്ളിൽ ടെറ്റ് യോഗ്യത നേടണം എന്നായിരുന്നു സെപ്റ്റംബറിൽ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ്.
അനുവദിച്ച സമയത്തിനുള്ളിൽ യോഗ്യത നേടുന്നതിൽ പരാജയപ്പെട്ടാൽ അധ്യാപകർ ആനുകൂല്യങ്ങളോട് കൂടിയ നിർബന്ധിത രാജിക്ക് അപേക്ഷ നൽകണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ന്യൂനപക്ഷ സ്കൂളുകൾക്ക് അധ്യാപക നിയമനത്തിന് ടെറ്റ് നിർബന്ധമാക്കണോ എന്ന വിഷയം വിശാല ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടുകൊണ്ടായിരുന്നു സെപ്റ്റംബറിലെ രണ്ട് അംഗ ബെഞ്ചിന്റെ ഉത്തരവ്.
നിയമം പ്രാബല്യത്തിൽ വരുന്നതിനുമുന്പ് സർവീസിൽ കയറി അഞ്ച് വർഷത്തിലധികം വിരമിക്കൽ കാലാവധിയുള്ള അധ്യാപകർക്ക് ടെറ്റ് നിർബന്ധമാക്കരുതെന്നും സർവീസിൽ തുടരാൻ അനുവദിക്കണമെന്നുമാണ് ഹർജിക്കാർ കോടതിയിൽ ഉന്നയിച്ച പ്രധാന ആവശ്യം. എന്നാൽ മുൻ ഉത്തരവിൽ മാറ്റം വരുത്താൻ കോടതി തയാറായില്ല. സംസ്ഥാനത്ത് 50000ത്തോളം അധ്യാപകരെ തീരുമാനം ബാധിക്കുമെന്നാണ് പ്രാഥമിക വിലയിരുത്തൽ.